Thursday, June 3, 2010

ഗേ...

റൂമിലെ ഇന്‍റര്‍നെറ്റ്‌ കണക്ഷന്‍ ബി.എസ്‌.എന്‍.എല്‍ ആക്കിയപ്പോള്‍ അവര്‍ കൂടെ ഫ്രീ ആയി ഒരു ഫോണും കൊണ്ടെവച്ചു. ഇനി ഇതിന്‍റെ ബഹളം കൂടെ കേള്‍ക്കേണ്ട എന്നു കരുതി നമ്പര്‍ ആര്‍ക്കും കൊടുത്തില്ല. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പൊള്‍ മുതല്‍ തുടങ്ങി I.C.I.C.I ബാങ്കിന്‍റെ ക്രെഡിറ്റ്‌ കാര്‍ഡും ലോണും ഒക്കെ തരാനുള്ള വിളി.

കണക്ഷന്‍ അജുവിന്‍റെ പേരിലാണ്‌ എടുത്തിട്ടുള്ളത്‌. മിക്കവാറും വീട്ടിലുള്ള ദിവസങ്ങളില്‍ ബാങ്കിലെ സുന്ദരിമാര്‍ അവനെ അന്വേഷിച്ചു വിളിക്കും. ഇനി വിളിച്ചു ശല്യപ്പെടുത്തരുതെന്നു പറഞ്ഞിട്ടും നോ രക്ഷ.

ഒരു ദിവസം വീണ്ടും ഫോണ്‍ ബെല്ലടിച്ചു.

"ഹലോ... "

"ഹലോ സര്‍ ഞാന്‍ നയന, I.C.I.C. I ബാങ്കില്‍ നിന്നും വിളിക്കുന്നു ഞങ്ങള്‍ ഫ്രീ ഗോള്‍ഡ്‌ കാര്‍ഡ്‌ തരാന്‍ ഉദ്ദേശിക്കുന്ന ഭാഗ്യവാന്‍മരുടെ ലിസ്റ്റില്‍ താങ്കളുടെ പേരുമുണ്ട്‌, എപ്പോഴാണ്‌ സര്‍ ഞങ്ങളുടെ ആളിനെ ഡോക്യുമെന്റ്‍സ്‌ കളക്റ്റ്‌ ചെയ്യാന്‍ വിടേണ്ടത്‌?"

അപ്പുറത്തു നിന്നും സൂപ്പര്‍ഫാസ്റ്റ്‌ പോലെ ഒരു കിളിമൊഴി.
"എന്‍റെ പേരുണ്ടെന്നു പറയാന്‍ ഇയാള്‍ക്ക്‌ എന്‍റെ പേരറിയാമോ?"

"സര്‍ നിങ്ങള്‍ അജുവല്ലേ?"

"അല്ല. "

"എങ്കില്‍ അജുവിനെ ഒന്നു കിട്ടുമോ?"

"ബുദ്ധിമുട്ടാണ്‌. "

"അതെന്താ സര്‍?"

"അവന്‍ പുറത്തുപോകുമ്പോള്‍ ലാന്‍ഡ്ഫോണ്‍ കൂടെ കൊണ്ടുപോകാറില്ല. "

"സര്‍ അജു എപ്പോള്‍ തിരിച്ചു വരും?"

"ഏനിക്കറിയില്ല. "

"സര്‍ താങ്കള്‍ എവിടെയാണ്‌ ജോലി ചെയ്യുന്നത്‌?"

"ഞാന്‍ ജോലി ചെയ്യുന്നുണ്ടെന്നു ഇയാളോട്‌ പറഞ്ഞോ?"

"ഇല്ല. "

"പിന്നെ?"

"സര്‍ അജുവിന്‍റെ ആരാണ്‌?"

"ഞാന്‍ അവന്‍റെ പാര്‍ട്ണര്‍ ആണ്‌. "

"പാര്‍ട്ണറോ?"

"അതെ പാര്‍ട്ണര്‍. ഞങ്ങള്‍ 'ഗേ' ആണ്‌. രാവിലെ ഉണര്‍ന്നപ്പോള്‍ അവനെ ബെഡില്‍ കണ്ടില്ല, എവിടെ പോയെന്ന്‌ എനിക്കറിയില്ല. "

ക്ടിന്‍ അപ്പുറത്തു പെട്ടെന്നു ഫോണ്‍ വയ്ക്കുന്ന ശബ്ദം.

സമാധാനം... പിന്നെ ഇന്നു വരെ I.C.I.C.I ബാങ്കില്‍ നിന്നും ആരും വിളിച്ചിട്ടില്ല.

Tuesday, December 22, 2009

സഹതാപം കൊയ്യുന്നവര്‍...

വീണ്ടും ഒരു ക്രിസ്തുമസ്‌ കാലം..

മാസങ്ങള്‍ക്കു ശേഷം പ്രിയപ്പെട്ടവരുടെ അടുത്തേക്കുള്ള യാത്ര...

ട്രെയിന്‍ അതിന്‍റെ ജീവിതയാത്രയില്‍ കുതിച്ചും കിതച്ചും മുന്നേറുന്നു. എന്‍റെ മനസ്സ്‌ പുറത്തെ കാഴ്ചകളിലൂടെ ട്രെയിനിനൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്നു. നാട്ടിലേക്കുള്ള യാത്രകളിലെ പതിവു കാഴ്ചകള്‍ ഒരിക്കലും മനസ്സിനെ മടുപ്പിച്ചിരുന്നില്ല.

"അമ്മാാാ"

ഉറക്കെയെങ്കിലും വളരെയധികം ദയനീയത സ്ഫുരിക്കുന്ന ഒരു സ്വരം പുറം കാഴ്ചകളില്‍ നിന്നും എന്‍റെ മനസ്സിനെ അടര്‍ത്തിമാറ്റി. ശോഷിച്ച ശരീരവും ദൈന്യത തളംകെട്ടി നില്‍ക്കുന്ന കണ്ണുകളുമായി ശബ്ദത്തിനെക്കാളും ദയനീയമായ ഒരു രൂപം യാത്രക്കാരുടെ സന്‍മനസിനായി കൈ നീട്ടുന്നു. ടയര്‍ വെട്ടിയുണ്ടാക്കിയ ഒരു റബ്ബര്‍ ഷീറ്റില്‍ ഇരുന്നു നിരങ്ങിയാണ്‌ സഞ്ചാരം. അല്‍പം ശോഷിച്ച കാലുകള്‍ ഒരു പ്രത്യേക രീതിയില്‍ മടക്കി ഇരിക്കുന്ന ഷീറ്റില്‍ കെട്ടി വച്ചിട്ടുണ്ട്‌. ജീവിതത്തെ സ്വയം നേരിടാന്‍ കരുത്തില്ലാതെ അയാള്‍ സുമനസൂകളുടെ ഔദാര്യത്തില്‍ പങ്കു പറ്റി നിരങ്ങി നീങ്ങുന്നു.

എന്‍റെ നേരെ നീട്ടിയ വിറയ്ക്കുന്ന കൈകളിലേയ്ക്ക്‌ എന്‍റെ വിഹിതവും നല്‍കിയ ചാരിതാര്‍ത്ഥ്യവുമായി ഞാന്‍ വീണ്ടും പുറം കാഴ്ചകളിലേക്കു കണ്ണു തിരിച്ചു.

ട്രെയിന്‍ അതിന്‍റെ കുതിപ്പിന്‍റെ വേഗത കുറച്ച്‌ ഏതോ ഒരു സ്റ്റേഷനില്‍ നിന്നു. ഇറങ്ങാനും കയറാനുമുള്ള ആളുകളുടെ തിരക്ക്‌. പ്ളാറ്റ്ഫോമില്‍ മറ്റേതൊ വണ്ടിക്കു വേണ്ടിയെന്ന മാതിരി നില്‍ക്കുന്ന ആളുകള്‍. പെട്ടെന്ന്‌ വികൃതമായ ശബ്ദത്തില്‍ ഉച്ചത്തിലുള്ള ഒരു പാട്ടില്‍ എന്‍റെ ശ്രദ്ധ പതിഞ്ഞു.

ഒരു കൈയ്യില്‍ തുറന്ന മദ്യക്കുപ്പിയുമായി വേച്ചു വേച്ചു നടന്നു വരുന്ന ഒരു രൂപം. അല്‍പം മുന്‍പ്‌ ഇരുന്നിരുന്ന റബ്ബര്‍ ഷീറ്റ്‌ അലക്ഷ്‌യമായി മറു കൈയ്യില്‍. അനക്കുവാന്‍ പാടില്ല എന്നു തോന്നിപ്പിക്കും വിധം മടക്കി കെട്ടി വച്ചിരുന്ന കാലുകള്‍ ഇപ്പോള്‍ ഒരു കുഴപ്പവുമില്ലാതെ നിവര്‍ന്നിരിക്കുന്നു. മുന്‍പു കണ്ട മുഖത്തെ ദയനീയ ഭാവം മാറി അവിടെ ആഹ്ളാദത്തിന്‍റെ തിരതള്ളല്‍. യാത്രക്കാരുടെ വിയര്‍പ്പിന്‍റെ വില കൊടുത്തു വാങ്ങിയ മദ്യം കുപ്പിയില്‍ നിന്നു തന്നെ വായിലേക്കു കമിഴ്ത്തി ഉച്ചത്തില്‍ പാടിക്കൊണ്ട്‌ അയാള്‍ പ്ളാറ്റ്ഫോമില്‍കൂടി പുറത്തേക്കു പോയി.

ട്രെയിന്‍ കിതപ്പോടെ അതിന്‍റെ ജീവിതപ്രയാണം പുനരാരംഭിച്ചു. കണ്‍മുന്നില്‍ കണ്ട ജീവിതത്തിന്‍റെ നൊടിയിടയിലുള്ള ഭാവമാറ്റത്തില്‍ അമ്പരന്ന്‌ എന്‍റെ മനസ്സ്‌ വീണ്ടും പുറംകാഴ്ചകളിലേക്ക്‌ മടങ്ങി.